
ആയൂരിലെ തുണിക്കടയ്ക്കുള്ളിൽ ഉടമയും ജീവനക്കാരിയായ യുവതിയും തൂങ്ങിമരിച്ച സംഭവത്തിൽ ദുരൂഹതയില്ലെന്ന് പൊലീസ്. മലപ്പുറം സ്വദേശിയായ കടയുടമയും ചടയമംഗലം സ്വദേശിനിയായ യുവതിയുമാണ് കടയിലെ ഫാനിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മലപ്പുറം കരിപ്പൂർ കരിപ്പത്തൊടിയിൽ അലി (35), ചടയമംഗലം കുരിയോട് ചന്ദ്രവിലാസത്തിൽ രാജീവിന്റെ ഭാര്യ ദിവ്യമോൾ (40) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെയാണ് ആയൂർ-കൊട്ടാരക്കര റോഡിലുള്ള കടയുടെ താഴെയുള്ള ഗോഡൗണിലെ ഹാളിലെ ഫാനിൽ ഇരുവരെയും തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ഓണക്കാലത്താണ് അലി ഇവിടെ തുണിക്കട തുടങ്ങിയത്. ആരംഭത്തിൽ പത്തോളം ജീവനക്കാരുണ്ടായിരുന്നു. പിന്നീട് ജോലിക്കാർ കുറഞ്ഞു. കടയുമായി ബന്ധപ്പെട്ട കണക്കുകളെല്ലാം ഇരുവരും ഒരുമിച്ചാണ് നോക്കിയിരുന്നതും.
വ്യാഴാഴ്ച രാത്രി ദിവ്യ വീട്ടിലെത്താത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചിരുന്നു. ഫോൺ വിളിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. ഒൻപതരയോടെ കടയിലെത്തിയ ജീവനക്കാരും ദിവ്യയുടെ ബന്ധുക്കളും നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടത്.
മരണത്തിൽ ദുരൂഹതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ചടയമംഗലം ഇൻസ്പെക്ടർ എൻ. സുനീഷ്, എസ്ഐ എം. മോനിഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസും വിരലടയാളവിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. കടയുടമ അലിക്ക് പാർട്ണർഷിപ്പുള്ള ഫർണിച്ചർ ഷോറൂം ചടയമംഗലത്തും പ്രവർത്തിക്കുന്നുണ്ട്.











